ഹോസ്റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ ചീഫ് വാർഡനായ ഡോക്ടർ സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചതായാണ് വിദ്യാർഥികൾ പറയുന്നത്
എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹോസ്റ്റലില്‍ കിടന്നുറങ്ങുന്നതിനിടെ പ്രകോപനമില്ലാതെ വാര്‍ഡന്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പൊലീസിലും പരാതി നല്‍കി.
ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ചീഫ് വാര്‍ഡനായ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പ്രകോപനമൊന്നുമില്ലാതെ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വാര്‍ഡനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്.
മുമ്പും വാര്‍ഡന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതായി വിദ്യാര്‍ഥികള്‍ പറയുന്നു. വാര്‍ഡനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. നാളെ പ്രിന്‍സിപ്പല്‍, വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായും പരാതി ഉയര്‍ന്നു. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സീനിയർ വിദ്യാർഥികൾ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.