കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍; തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്ന്
രണ്ട് ലക്ഷം കോടി രൂപയുടെ അഞ്ച് ശതമാനം കമ്മീഷനിലാണ് പിണറായി വിജയന്‍റെ കണ്ണെന്നും സുധാകരന്‍ ആരോപിച്ചു
കെ റെയിലില്‍ സര്‍ക്കാരിനെതിരായ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയുടെ അഞ്ച് ശതമാനം കമ്മീഷനിലാണ് പിണറായി വിജയന്‍റെ കണ്ണെന്നും സുധാകരന്‍ ആരോപിച്ചു.
സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധ സമാനമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന് മുന്നോടിയായി പദ്ധതിക്കെതിരായ പ്രചാരണത്തിന്‍റെ ഭാഗമായി ലഘുലേഖകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങും. പാര്‍ട്ടിയെ സമര സജ്ജമാക്കാന്‍ കെ.സുധാകരന്‍ നേരിട്ട് ജില്ലകളില്‍ പര്യടനം നടത്തും. മുഖ്യമന്ത്രിക്കെതിരെ ലാവ്‍ലിന്‍ ഇടപാട് ഓര്‍മ്മപ്പെടുത്തി അഴിമതി ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പുനരധിവാസ പാക്കേജിലൂടെ ആളുകളെ പ്രലോഭിപ്പിച്ചാലും പ്രക്ഷോഭത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പിന്നാലെ പൌര പ്രമുഖരെ തങ്ങളുടെ പക്ഷത്ത് അണിനിരത്താന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങി.
അതേസമയം കെ റെയിലില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ രാവിലെ 11നാണ് യോഗം. സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും നടത്തിയ ഒന്നാം ഘട്ട സമരത്തിന് ശേഷമുള്ള തുടര്‍ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. താഴെ തട്ടില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്ന സമരങ്ങള്‍ക്കാവും മുന്‍ഗണന.