സപ്ലൈകോ വിലവര്‍ധന; ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവർധന എത്ര ശതമാനം വേണമെന്ന് യോഗം ചർച്ച ചെയ്യും
തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വിലകൂട്ടുന്നത് ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സപ്ലൈകോ മാനേജ്മെന്റും സിവിൽ സപ്ലൈസ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവർധന എത്ര ശതമാനം വേണമെന്ന് യോഗം ചർച്ച ചെയ്യും. കൂടുതൽ സാധനങ്ങൾ സബ്‍സിഡി നിരക്കിൽ നൽകുന്ന കാര്യവും ചർച്ചയാകും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്‍റെ അജണ്ടയാണ്. പി.ആർ.എസിന്‍റെ കാര്യത്തിൽ ബാങ്കുകൾ സുതാര്യമാവണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. വിലവർധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ 'മീഡിയവണി'നോട് പറഞ്ഞിരുന്നു. സപ്ലൈകോയ്ക്ക് പ്രതിമാസം 50 കോടിയും പ്രതിവർഷം 600 കോടിയിലധികവും ബാധ്യത വരുന്നുണ്ടെന്നും അതിനു പരിഹാരമുണ്ടാക്കാനുള്ള ക്രമീകരണമാണു നടക്കുന്നതെന്നും വിലക്കയറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.