കെ റെയില്‍ സർവേ ഇന്ന് പുനരാരംഭിക്കും; സർക്കാർ നീക്കം സുപ്രിംകോടതി വിധിയുടെ ബലത്തിൽ

പ്രതിഷേധം തുടരാൻ സമരസമിതിയും യുഡിഎഫും; വിഷയം ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും

Update: 2022-03-30 01:24 GMT
Editor : Lissy P | By : Web Desk

ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടർന്ന് പലയിടങ്ങളിലും സർവേ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. കല്ലിടൽ തുടരാമെന്ന സുപ്രിംകോടതി വിധിയുടെ ബലത്തിലാണ് കെ റെയിൽ കല്ലുനാട്ടിയുള്ള സർവേ പുനരാരംഭിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് സംസ്ഥാനത്ത് നടക്കുന്നത്. ജനകീയ പ്രതിഷേധത്തെത്തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു.

കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. മലപ്പുറത്ത് തവനൂരിലും ജനകീയ സമരത്തെത്തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും മണീടിലും ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ല് യുഡിഎഫ് പ്രവർത്തകർ പിഴുത് കുളത്തിലെറിഞ്ഞു.പ്രാദേശിക സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് യുഡിഎഫിന്റെ പൂർണ പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Advertising
Advertising

എന്നാൽ കല്ലിടാനുള്ള ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി.സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രിം കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ജനങ്ങളുടെ സമരത്തെയും പ്രതിപക്ഷ സമരത്തേയും പ്രതിരോധിക്കാൻ കോടതി ഉത്തരവുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സർക്കാറും അധികൃതരും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News