ഉമർ ഫൈസിക്കെതിരെ കേസ്: സർക്കാരിനെ പ്രതിഷേധം അറിയിക്കും-എസ്.വൈ.എസ്

സ്ത്രീ സമൂഹത്തെ അപമാനിക്കാൻ പാടില്ലെന്നു തന്നെയാണ് നിലപാട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു

Update: 2024-01-05 14:32 GMT
Editor : Shaheer | By : Web Desk

അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുക്കം ഉമര്‍ ഫൈസി

Advertising

മലപ്പുറം: സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരായ കേസിൽ പ്രതിഷേധവുമായി എസ്.വൈ.എസ്. മതനിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. കേസിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇതിൽ സർക്കാരിനെ പ്രതിഷേധമറിയിക്കും. മതനിയമങ്ങളെ കുറിച്ചാണ് ഉമർ ഫൈസി പറഞ്ഞത്. മതപണ്ഡിതൻ എന്ന നിലയിലാണ് അദ്ദേഹം തട്ടത്തെ കുറിച്ച് പരാമർശം നടത്തിയതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.

ആരെയും അപമാനിക്കണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല. സ്ത്രീ സമൂഹത്തെ അപമാനിക്കാൻ പാടില്ലെന്നു തന്നെയാണ് നിലപാട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും എസ്.വൈ.എസ് നേതാവ് കൂട്ടിച്ചേർത്തു.

'നിസ' അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണ് ഉമർ ഫൈസിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തിൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമർ ഫൈസി നടത്തിയ പരാമർശമാണ് കേസിനാസ്പദം. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Full View

മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമർ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടാകുന്നത്. പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചതും വലിയ വാർത്തയായിരുന്നു.

Summary: Will protest in the case against Samastha leader Mukkam Umar Faizy: SYS

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News