പശ്ചിമ കൊച്ചിയിലെ ജലക്ഷാമം; ജലവിതരണം നടത്തുന്നതിന് തടസമില്ലെന്ന് ടാങ്കർ ലോറി ഉടമകളുടെ സംഘടന
ടാങ്കർ ലോറികൾ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാൻ തയാറാണെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഉടമകള്‍ പറഞ്ഞു
Update: 2023-02-20 08:54 GMT
എറണാകുളം: പശ്ചിമ കൊച്ചിയിലെ ജലക്ഷാമത്തിൽ ടാങ്കർ ലോറിയിൽ ജലവിതരണം നടത്തുന്നതിന് തടസമില്ലെന്ന് ജില്ലയിലെ ടാങ്കർ ലോറി ഉടമകളുടെ സംഘടന പ്രതിനിധികൾ മീഡിയവണിനോട്. ടാങ്കർ ലോറികൾ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാൻ തയാറാണെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഉടമകള്‍ പറഞ്ഞു. ഔദ്യോഗികമായി ടെൻഡർ വന്നത് ഇന്നലെയാണ്. ഇന്ന് ടെൻഡർ പൂരിപ്പിച്ചു നൽകും. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ സഹകരണവും ഉറപ്പ് നൽകിയിരുന്നു. ഇന്നലെ അസോസിയേഷന്റെ കീഴിലുള്ള വണ്ടികളിൽ ജലവിതരണം നടത്തിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
മരട്,തൃപ്പൂണിത്തറ, ചെല്ലാനം മേഖലകളിൽ ജലവിതരണം നടത്തി.ഇന്നും ജലവിതരണത്തിനായി വണ്ടികൾ വിട്ടു നൽകും. നാളെ മുതൽ കുടുതൽ വണ്ടികളിൽ ജലവിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.