താനൂർ ബോട്ട് ദുരന്തം: തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി
കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ കസ്റ്റഡിയിലെടുത്തവർക്കെതിരെ കൊലക്കുറ്റം ചുമത്തി. രണ്ട് ഉദ്യേഗസ്ഥർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. പോർട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂർ പോർട് കൺസർവേറ്റർ പ്രസാദ് , സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബോട്ടിന് സർവീസ് നടത്താൻ സഹായം ചെയ്തുവെന്ന് കണ്ടെത്തലിലാണ് നടപടി.
22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെന്ന ആരോപണം പൊലീസ് അന്വേഷത്തിൽ വ്യക്തമാവുകയാണ് . അപകടത്തിൽപ്പെട്ട അറ്റ്‌ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ ബേപ്പൂർ, ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി .
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത്.ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവെച്ഛ് ബോട്ടിന് സർവീസ് അനുമതി നൽകി. പരാതി ലഭിച്ചെന്നതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല തുടങ്ങിയവയാണ് പോർട്ട് ഓഫീസ് കൺസർവേറ്റർ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തൽ. പോർട്ട് ഓഫീസ് സർവേയർ സെബാസ്റ്റിയനും ബോട്ട് ഉടമക്ക് സഹായം നൽകി.
മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും മറച്ചു വെച്ചു. അനധികൃത യാർഡിൽ ബോട്ട് രൂപമാറ്റം വരുത്തുന്നത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല . ഫിറ്റ്‌നസ് പരിശോധനകളിലും ബോട്ട് ഉടമക്ക് വഴിവിട്ട സഹായം ലഭിച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നയിച്ചത്. നേരത്തെ ബോട്ടിന്റെ ഉടമ നാസർ ജീവനക്കാർ, ഒളിവിൽ പോകാൻ സഹായിച്ചവർ അടക്കമുള്ളവരാണ് കേസിൽ അറസ്റ്റിലായത്. കുസാറ്റിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘവും ബോട്ട് പരിശോധിച്ചിരുന്നു. പൊലീസ് അന്വേഷണത്തിന് പുറമേ ജുഡീഷ്യൽ അന്വേഷണവും താനൂർ ബോട്ട് ദുരന്തത്തിൽ പുരോഗമിക്കുകയാണ്.