ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി- മുഈനലി ശിഹാബ് തങ്ങൾ

''അഭിവന്ദ്യ പിതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളിൽനിന്നുപോലും എത്തിയ പ്രിയ സഹോദരന്മാർക്ക് കാണാൻ കഴിയാത്തതിൽ എല്ലാവരുടെയും പ്രയാസവും വേദനയും മനസ്സിലാക്കുന്നു. വിഷമത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു''

Update: 2022-03-09 09:11 GMT
Editor : Shaheer | By : Web Desk
Advertising

പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ ആശ്വാസവുമായെത്തിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി. പിതാവിനെ അവസാനനോക്കു കാണാൻ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളിൽനിന്നുപോലും എത്തിയ പ്രിയ സഹോദരന്മാർക്ക് കാണാൻ കഴിയാതെ പോയി. അതിലുള്ള വിഷമത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നും മുഈനലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി മുതൽ രാഹുൽ ഗാന്ധി, മതപണ്ഡിതർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ കക്ഷിനേതാക്കൾ, ട്രാഫിക് നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥരും വൈറ്റ്ഗാർഡ്-വിഖായ വളന്റിയർമാരും, വാപ്പയെ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്‌സുമാർ... എല്ലാത്തിലുമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തിൽ ചേർത്തുപിടിച്ച സാധാരണക്കാരായ പ്രിയജനങ്ങൾ. എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് മുഈനലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളെപ്പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം.. കുടുംബത്തിന്റെ വേദനയിൽ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നന്ദി.

ബഹു. മുഖ്യമന്ത്രി മുതൽ ശ്രീ. രാഹുൽ ഗാന്ധി, മതപണ്ഡിതർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ കക്ഷിനേതാക്കൾ, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥർ, വൈറ്റ്ഗാർഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്‌സുമാർ... ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തിൽ ചേർത്തുപിടിച്ച എന്റെ പ്രിയപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ. എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയിലും എല്ലാവരും ഉണ്ടായിരിക്കും.

അഭിവന്ദ്യ പിതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളിൽനിന്നുപോലും എത്തിയ പ്രിയ സഹോദരന്മാർക്ക് കാണാൻ കഴിയാത്തതിൽ എല്ലാവരുടെയും പ്രയാസവും വേദനയും മനസ്സിലാക്കുന്നു. പ്രത്യേക സാഹചര്യത്തിൽ പ്രിയപ്പെട്ട എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ പക്വതയാർന്ന തീരുമാനമായിരുന്നു ജനാസ പെട്ടെന്ന് മറവ് ചെയ്യുക എന്നത്.

Full View

രാവിലെ ജനാസ മറവ് ചെയ്യാനുള്ള തീരുമാനം മാറ്റംവന്നതിൽ പലർക്കുമുണ്ടായ വിഷമത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. പ്രിയസഹോദരങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമാണ് ഞങ്ങളുടെ ശക്തി.

അഭിവന്ദ്യ പിതാവിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാഥൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മൾ എല്ലാവരെയും ഒരുമിച്ചുകൂട്ടട്ടെ...

Summay: Thanks to everyone who stood up with us in this great loss, says Hyderali Shihab Thangal's son Sayed Mueenali

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News