ഷാനിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പൊതുദർശനത്തിന് വൻ ജനാവലി

ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് തന്റെ മകനെ കൊന്നതെന്നും ഷാൻ ഒരു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും പിതാവ്

Update: 2021-12-19 16:15 GMT
Advertising

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് വൻജനാവലിയെത്തി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിനകത്ത് സൗകര്യമില്ലാത്തതിനാൽ കുടുംബാംഗങ്ങൾ മാത്രമാണുള്ളത്. പാർട്ടിക്കാരടക്കമുള്ള മറ്റുള്ളവർ സമീപത്തുള്ള മൈതാനിയിൽ മയ്യത്ത് നിസ്‌കാരം നിർവഹിക്കും. പിന്നീട് തൊട്ടടുത്തുള്ള ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് തന്റെ മകനെ കൊന്നതെന്നും ഷാൻ ഒരു ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും പിതാവ് എച്ച് സലിം പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനിടെ, കലക്ടർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നുമണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

Full View

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

Full View

ആലപ്പുഴയിലെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലിസ് പറയുന്നു.

The body of SDPI state secretary KS Shan, who was killed last night in Mannancherry, Alappuzha, was brought home.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News