ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വാടി സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
തിരുവനന്തപുരം: വടക്കന്‍ ഇസ്രായേലില്‍ ലബനന്‍ ആക്രണത്തില്‍ കൊല്ലപ്പട്ട കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വാടി സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
ഇന്നലെ വൈകിട്ട് 6:35 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച നിബിന്റെ ഭൗതിക ശരീരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഏറ്റുവാങ്ങി. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയതിന് ഇസ്രായേല്‍ ഭരണകൂടത്തിന് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി കുടുംബത്തെ വി. മുരളീധരന്‍ അനുശോചനം അറിയിച്ചു.
നോര്‍ക്ക റൂട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി, ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ടാമി ബെന്‍ ഹൈം, വൈസ് പ്രസിഡന്റ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ റോട്ടം വരുല്‍ക്കര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ലബനന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗലീലി മേഖലയില്‍ മര്‍ഗലിയറ്റ് എന്ന സ്ഥലത്ത് മാര്‍ച്ച് 4ന് ആയിരുന്നു മിസൈല്‍ ആക്രമണം. ഇടുക്കി സ്വദേശികളായ 2 പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രണ്ടുമാസം മുമ്പാണ് നിബിന്‍ കാര്‍ഷിക വിസയില്‍ ഇസ്രായേലേക്ക് പോയത്.
ഇസ്രായേലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലും കൃഷിക്കും മറ്റും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോഴും തുടരുന്നതായി വിദേശമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. നിലവില്‍ ഇസ്രായേലില്‍ 18,000ത്തിലധികം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. അവരുടെ സുരക്ഷ വളരെ പ്രധാനമാണെന്നും ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.