'കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കസേര തെറിക്കും'; കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്
സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിച്ചാണ് ജഡ്ജി കൊച്ചിയിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ജില്ലാ ഭരണകൂടത്തേയും കോർപ്പറേഷനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കസേര തെറിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി താക്കീത് നൽകി. തൽസ്ഥിതി റിപ്പോർട്ടും പ്രശ്‌നപരിഹാരത്തിനുള്ള മാർഗങ്ങളും വ്യക്തമാക്കി കോർപ്പറേഷൻ നാളെ സത്യവാങ്മൂലം നൽകണം. സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിച്ചാണ് ജഡ്ജി കൊച്ചിയിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.വി ബാട്യയുടെ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ തന്നെ തനിക്ക് ശ്വാസം മുട്ടലും ഛർദ്ദിയും ഉണ്ടായെന്ന് ജഡ്ജ് പറഞ്ഞു. ഇത് ആ ഒരു ദിവസത്തെ കാര്യം മാത്രമാണെന്നും ഇത് ഇത്രയും ദിവസം തുടർന്നുകൊണ്ടുപോയാൽ പുറത്തിറങ്ങുന്ന ജനങ്ങളുടെ അവസ്ഥ എന്താകുമെന്നും ഹൈക്കോടതി ചോദിച്ചു. കോർപ്പറേഷൻ സെക്രട്ടറി നേരിട്ടും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ ഓൺലൈനായും കോടതിയിൽ ഹാജരായി. ജില്ലാ കലക്ടറോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരന്തനിവാരണ അതോരിറ്റിയിലെ ഒരു ഉദ്യോഗസ്ഥ മാത്രമാണ് ഇന്ന് ഹാജരായത്.
കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. ഭാവിയിൽ ഇത്തരത്തിലുള്ള അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി നിർദേശം നൽകി.
'ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ മാതൃകയാകണമെന്നും ഓരോ ദിവസവും നിർണായകമെന്നും ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഉച്ചക്ക് 1.45 ഹരജി വീണ്ടും പരിഗണിക്കുമ്പോഴാണ് ഉദ്യോഗസ്ഥരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണച്ചെന്ന് ജില്ലാ കലക്ടർ രേണുരാജും വ്യക്തമാക്കിയിരുന്നു.
എന്നാൽ തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്. തീ വ്യോമസേനയുടെ കൂടുതൽ ഹെലികോപ്ടറുകളെത്തിച്ച് പുക ശമിപ്പിക്കാനുളള പ്രവൃത്തി തുടരുകയാണ്.ഈ സഹാചര്യത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. മാലിന്യ നിർമാർജന ചട്ടങ്ങൾ ലംഘിച്ചതിന് മലിനീകരണ നിയന്ത്രണ ബോർഡും നടപടിയെടുത്തിരുന്നു. 1.8 കോടി രൂപയാണ് കൊച്ചി കോർപറേഷന് ചുമത്തിയിരിക്കുന്ന പിഴ.