''അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതം''; കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു കൊച്ചു പ്രേമന്റെ അന്ത്യം

Update: 2022-12-03 11:18 GMT
Editor : Nidhin | By : Web Desk
Advertising

തിരുവനന്തപുരം: ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു കൊച്ചു പ്രേമന്റെ അന്ത്യം. 68 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയാണ് കൊച്ചു പ്രേമൻ അഭിനയരംഗത്തേക്ക് കടക്കുന്നത്. ഏഴുനിറങ്ങൾ ആണ് ആദ്യം റിലീസായ സിനിമ. 250ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1955 ജൂൺ 1ന് ശിവരാമ ശാസ്ത്രികളുടെയും കമലത്തിൻറെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പ്രേംകുമാർ എന്നാണ് യഥാർഥ പേര്. പേയാട് ഗവണ്മെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു.

സ്‌കൂൾ തലംവിട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എൻ. കെ. ആചാരി ഒരുക്കിയ 'ജ്വാലാമുഖി' എന്ന നാടകത്തിൻറെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്സിന്റെ 'അനാമിക' എന്ന നാടകത്തിലാണ് പ്രേക്ഷകർ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടർന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികൾക്കൊപ്പം കൊച്ചുപ്രേമൻ പ്രവർത്തിച്ചു. ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയർത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്സിന്റെ 'അമൃതം ഗമയ', വെഞ്ഞാറമ്മൂട് സംഘചേതനയുടെ 'സ്വാതിതിരുനാൾ', 'ഇന്ദുലേഖ', രാജൻ പി. ദേവിന്റെ 'ആദിത്യമംഗലം ആര്യവൈദ്യശാല' തുടങ്ങിയവ. പ്രേമൻ നാടക സമിതിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേർക്കും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അദ്ദേഹം കൊച്ചു പ്രേമൻ എന്ന പേര് സ്വീകരിച്ചു.

നാടകങ്ങളിൽ സജീവമായ കൊച്ചുപ്രേമൻ പത്തു വർഷത്തിനു ശേഷം രാജസേനൻറെ ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിലൂടെ സിനിമാരഗംത്തേക്ക് തിരിച്ചെത്തി. രാജസേനൻറെ എട്ടോളം ചിത്രങ്ങളിൽ കൊച്ചുപ്രേമൻ ഭാഗമായി. കഥാനായകൻ' എന്ന ചിത്രത്തിൻറെ സമയത്താണ് അന്തിക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയിൽ കൊച്ചുപ്രേമൻ അഭിനയിച്ച നാടകം സത്യൻ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. തമാശവേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് കൊച്ചുപ്രേമൻ തെളിയിച്ചത് ഗുരു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ജയരാജ് സംവിധാനം തിളക്കം' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയിൽ തിരക്കായി. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിരയായി. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമൻറെ ഭാര്യ. മകൻ-ഹരികൃഷ്ണൻ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News