മുഖ്യമന്ത്രി വാക്കു പാലിച്ചില്ല; അവസാനിക്കാതെ പൗരത്വ പ്രക്ഷോഭ കേസുകൾ
നിയമോപദേശത്തിന് ശേഷം കോടതിയിൽ ഹാജരാകമെന്ന നിലപാടിലാണ് നേതാക്കൾ
കോഴിക്കോട്: 2019 ൽ പൗരത്വ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് സാംസ്‌കാരിക പ്രവർത്തകർക്കും, സമസത നേതാവടക്കം നിരവധി പൊതുപ്രവർത്തകർക്കും വീണ്ടും സമൻസ് ലഭിച്ചു. ഗുരുതര അക്രമം നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും കേസ് നടപടികൾ തുടരുകയാണ്.
2019 ഡിസംബർ 17 ന് കോഴിക്കോട് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് മുന്നിൽ പ്രതിഷേധം നടത്തിയ സംഭവത്തിലാണ് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് വന്നിരിക്കുന്നത്. സമസ്ത നേതാവ് നാസർഫൈസി കൂടത്തായി, രാഷ്ട്രീയ നേതാക്കളായ ഹമീദ് വാണിയമ്പലം, കെ. അംബുജാക്ഷൻ, അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ എന്നിവർക്ക് നോട്ടീസ് ലഭിച്ചു.
നിയമോപദേശത്തിന് ശേഷം കോടതിയിൽ ഹാജരാകമെന്ന നിലപാടിലാണ് നേതാക്കൾ. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും കേസിലുൾപ്പെട്ടവർ ആലോചിക്കുന്നുണ്ട്. കെ.എ ഷഫീഖ്, ജെ. ദേവിക, എൻ.പി ചെക്കുട്ടി, കെ.കെ ബാബുരാജ് തുടങ്ങിയ എഴുത്തുകാരുടെയും പേരുകൾ എഫ്.ഐ.ആറിലുണ്ട്. കഴിഞ്ഞ മാസം 12ന് നടക്കാവ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച കേസ് അവസാനമായി രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 856 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 36 കേസുകൾ മാത്രമാണ് പിൻവലിച്ചത്.