'സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം'; റെയിൽവേ മന്ത്രിക്ക് നിവേദനം നല്‍കി വെല്‍ഫെയർ പാർട്ടി
പാസഞ്ചർ ട്രെയിനുകൾ പേര് മാറ്റി എക്സ്പ്രസ് ആക്കിയപ്പോൾ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച തീരുമാനം പു:നപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
തിരുവനന്തപുരം: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനും ചില പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുമുള്ള റെയിൽവെ അധികാരികളുടെ തീരുമാനം പിൻവലിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നിവേദനം നൽകി. കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രിമാർ, റെയിൽവേ ഡിവിഷൻ ഓഫീസർ, സതേൺ റെയിൽവേ മാനേജർ എന്നിവർക്കും പ്രസ്തുത തീരുമാനം പിന്‍വലിക്കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെ മന്ത്രാലയത്തില്‍ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാനുമാണ് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് നിവേദനം നൽകിയത്.
ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/04), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലെ മാറ്റം കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്ര അതീവ ദുരിതത്തിലാക്കും. ഇപ്പോൾ തന്നെ ആവശ്യമായ കോച്ചുകളോ ട്രെയിനോ സംസ്ഥാനത്തില്ല. വളരെ നേരത്തേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റുകൾ ലഭ്യമാകാത്ത ട്രെയിനുകളിൽ നിലവിലുള്ള കോച്ചുകൾ കൂടി വെട്ടിക്കുറക്കുന്നത് ജനങ്ങളുടെ യാത്രാ ദുരിതം വര്‍ദ്ധിപ്പിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തെ കോവിഡ് മഹാമാരി കാലയളവിൽ പല ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഒഴിവാക്കുകയും പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയും, പാസഞ്ചർ ട്രെയിനുകൾ പേര് മാറ്റി എക്സ്പ്രസ് ആക്കിയപ്പോൾ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച തീരുമാനം പു:നപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.