സീ പ്ലെയിൻ പദ്ധതി താൽക്കാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്ന് ആശങ്ക

Update: 2024-11-17 10:00 GMT
Editor : ശരത് പി | By : Web Desk
Advertising

ആലപ്പുഴ: സീ പ്ലെയിൻ പദ്ധതി താൽകാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കത്ത് നൽകും. മത്സ്യ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാറിന്റെ കാലത്ത് പദ്ധതി കൊണ്ടുവന്നപ്പോൾ തൊഴിലാളി സംഘടനകൾ യോജിച്ച് ശക്തമായ സമരം നടത്തിയിരുന്നു.

സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാൽ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇടുക്കിയിൽ സീ പ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പും രംഗത്തുവന്നിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർക്ക് വനം വകുപ്പ് റിപ്പോർട്ട് നൽകി. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണ്. വിമാനത്തിന്റെ ലാൻഡിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്താണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റു മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡിഎഫ്ഒയാണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

സീ പ്ലെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങളുള്ള പ്രദേശമാണിത്. പരിസ്ഥിതിലോല മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്.ദിവസങ്ങൾക്ക് മുമ്പാണ് സീപ്ലെയിന്റെ പരീക്ഷണപ്പറക്കൽ നടന്നത്. കൊച്ചി ബോൾഗാട്ടിയിൽനിന്ന് പുറപ്പെട്ട വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങുകയായിരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും വിവിധ ജലാശയങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News