ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും; കട്ടപ്പുറത്താകുമെന്ന ആശങ്കയിൽ രണ്ടായിരത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ
കെ.എസ്.ആർ.ടി.സി. ബസുകൾ വീണ്ടും കട്ടപ്പുറത്താകുമെന്ന് ആശങ്ക.1650 കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസാണ് ഈ മാസം 30ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു. ഇതിനു പുറമെ വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോർപ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
5000 സർവീസുകൾ നടത്തിയ ഇടത്ത് വെറും 3200 സർവീസുകളാണ് ഇപ്പോൾ നിരത്തിലുള്ളത്. ഇതിൽ പകുതി ബസുകൾ കട്ടപ്പുറത്ത് കയറിയാൽ കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകും. ഡിസംബർ 31 വരെ ഫിറ്റ്നസ് നീട്ടണമെന്നാണ് കെ എസ് ആർ ടി സിയുടെ ആവശ്യം. സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കുകയാണ്. ഒന്നുകിൽ ഫിറ്റ്നസ് കാലാവധി നീട്ടി നൽകുക, അല്ലെങ്കിൽ ജിപിഎസ് ഘടിപ്പിക്കുന്നതുവരെ സാവകാശം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.