ചിന്നക്കനാൽ ബി.എല്‍ റാവില്‍ കാട്ടാന തകര്‍ത്ത വീട് വനംവകുപ്പ് വാസയോഗ്യമാക്കി
പന്നിയാറിലെ റേഷന്‍ കടക്ക് ചുറ്റും വൈദ്യുതി വേലി സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ബി.എല്‍ റാവില്‍ കാട്ടാന തകര്‍ത്ത വീട് വനംവകുപ്പ് വാസയോഗ്യമാക്കി.പന്നിയാറിലെ റേഷന്‍ കടക്ക് ചുറ്റും വൈദ്യുതി വേലി സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.കാട്ടാന ശല്യം ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തിൽ നാളെ ഇടുക്കി കലക്ട്രേറ്റിൽ യോഗം ചേരും.
തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണവും വനംവകുപ്പ് വാച്ചര്‍ ശക്തിവേലിൻ്റെ മരണവും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ആന ശല്യം രൂക്ഷമായ ഭൂരിഭാഗം പ്രദേശങ്ങളിലും പട്ടയമില്ലാത്തത് സർക്കാർ ധനസഹായം ലഭിക്കാൻ തടസമായതോടെയാണ് വനം വകുപ്പ് വീട് നിർമ്മിച്ച് നൽകണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചത്.അരിക്കൊമ്പൻ ആദ്യം തകർത്ത ബി.എൽ.റാം സ്വദേശി ബെന്നിയുടെ വീട് വനം വകുപ്പ് വാസയോഗ്യമാക്കി.
കാട്ടാന തകർത്ത രാജേശ്വരിയുടെ വീടും ഉടനെ നിർമ്മിച്ചു നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു.പന്നിയാറില്‍ കാട്ടാന തകർത്ത റേഷന്‍ കടയ്ക്ക് ചുറ്റും വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടം കാട് കയറിയെങ്കിലും അരിക്കൊമ്പനും ചക്കക്കൊമ്പനും മൊട്ടവാലനും ഭീതി പരത്തുന്നുണ്ട്.കാട്ടാന ശല്യം ചര്‍ച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഇടുക്കി കലക്ട്രേറ്റിൽ നാളെ യോഗം ചേരും.