പെൺകുട്ടി വേദിയിൽ കയറുന്നത് തടഞ്ഞതിനെതിരെ കേസെടുക്കണം; പി.സി ജോർജിനെ കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഗവർണർ
വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ കനത്ത നിരാശയാണുള്ളതെന്ന് ഗവർണർ
പെൺകുട്ടി വേദിയിൽ കയറുന്നത് തടഞ്ഞതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റരുതെന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാരുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ പി.സി ജോർജുമായ ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റു ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
പി.സി ജോർജുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയ ഗവർണർ പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ ഇടപെടണമെന്ന് രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ കനത്ത നിരാശയാണുള്ളത്, പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നു, പെൺകുട്ടിയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു, അപമാനിക്കപ്പെട്ടിട്ടും അനാവശ്യരീതിയിൽ അവർ പ്രതികരിച്ചില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇസ്ലാമോഫോബിയ വളർത്താൻ കാരണമാകുന്നു, പെൺഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്ലാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിന്റെ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെ വിമർശനമുയരുകയുമുണ്ടായി. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവർ, പിന്നീട് മതത്തേയും നേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് എം.എസ്.എഫ് ഹരിത മുൻനേതാവ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
എം.ടി അബ്ദുല്ല മുസ്ലിയാർക്കെതിരായ വിമർശനം ഇസ്ലാമോഫോബിയ ആണെന്നും മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. വിവാദങ്ങൾ അവഗണിക്കണമെന്നും അത് ചിലർക്ക് രസമാണെന്നും സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ളിയാഉദ്ദീൻ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.