'ഗവർണർ ഔട്ട്'; കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി
ചാൻസലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധർ വേണമെന്ന് മാറ്റം
തിരുവനന്തപുരം: ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സർക്കാർ. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. തൽസ്ഥാനത്ത് നിന്ന് ഗവർണറെ നീക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ ചട്ടത്തിൽ ഭേദഗതി വരുത്തുകയായിരുന്നു. ചാൻസലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധർ വേണമെന്ന മാറ്റമാണ് വരുത്തിയത്. കേരളത്തിലെ പതിനാല് സർവകലാശാലകളിലെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള ഓർഡിനൻസ് മന്ത്രിസഭ യോഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിരിക്കുന്നത്.