പീഡനക്കേസിൽ പരാതിപ്പെടാന്‍ ടോൾ ഫ്രീ നമ്പർ വേണമെന്ന് ഹൈക്കോടതി
ഇരയാകുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിലെത്താതെ തന്നെ പരാതി ഉന്നയിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം
കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രികള്‍ക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃതമായ ടോള്‍ ഫ്രീ നമ്പർ ഏർപെടുത്തണമെന്ന് ഹൈക്കോടതി. ഇതിലൂടെ ഇരയാകുന്ന സ്ത്രികള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. പീഡനക്കേസില്‍ പരാതിപ്പെട്ടതിന്‍റെ പേരില്‍ ഭീഷണി നേരിടേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി ഇര സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ നിരീക്ഷണം.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോലും നിരവധി കത്തുകളാണ് ലഭിക്കുന്നത്. പരാതി ഉന്നയിക്കാന്‍ എന്തുകൊണ്ടാണ് വൈകിയത്, തുടങ്ങിയ ചോദ്യങ്ങളാണ് സൈബറിടങ്ങളിൽ നിന്നുയരുന്നത്. സ്വകാര്യതയിലേക്കുള്ള ആക്രമണമാണിത്. ലൈംഗികാതിക്രമ കേസുകളിൽ പൊലീസുകാര്‍ തന്നെ മധ്യസ്ഥരാകുന്ന സാഹചര്യവും ഉണ്ട്. ഇതിനാലാണ് ഇരകള്‍ക്ക് സ്റ്റേഷനിലെത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണമെന്ന് പറയുന്നതെന്നും കോടതി വ്യക്തമാക്കി.