ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; വളാഞ്ചേരി എസ്‌ഐ അറസ്റ്റിൽ

രണ്ടാം പ്രതി വളാഞ്ചേരി എസ്എച്ഒ ഒളിവിൽ

Update: 2024-05-30 12:15 GMT
Advertising

പാലക്കാട്: ക്വാറി ഉടമയെ ഭീഷണി പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി എസ് ഐ ബിന്ദുലാൽ അറസ്റ്റിൽ. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും തിരൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു.

മാർച്ച് 30ന് പാലക്കാട് കൊപ്പത്തെ നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ നിസാറിന്റെ സ്റ്റാഫിനെ പൊലീസ് പിടികൂടി. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് ക്വാറിയിലെ പാറപ്പൊട്ടിക്കുന്നതിനുള്ള വെടിമരുന്നാണെന്ന് തിരിച്ചറിയുകയായിരുന്നു.

എന്നാൽ ഈ വിവരം മറച്ചുവെച്ച പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഏജന്റു വഴി ക്വാറി ഉടമയെ സമീപിക്കുകയും 22 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ച 22 ലക്ഷം രൂപയിൽ നിന്ന് ഏജന്റായ അസൈനാർ 4 ലക്ഷവും  എസ്‌ഐ 10 ലക്ഷവും കൈക്കലാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മലപ്പുറം എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിന്ദുലാലും അസൈനാരും പിടിയിലായത്. രണ്ടാം പ്രതി വളാഞ്ചേരി എസ്എച്ഒ സുനിൽ ദാസ് ഒളിവിലാണ്.

ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പു തല നടപടി കൂടാതെ ക്രിമിനൽ നടപടിയുമുണ്ടാകും. കേസിന്റെ തുടരന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെസി ബാബുവിനാണ്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News