കേന്ദ്ര ബജറ്റിൽ കേരളത്തെ നിഷ്കരുണം അവഗണിച്ചത്‌ പ്രതിഷേധാർഹം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

'ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ്‌ സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്'

Update: 2025-02-01 11:03 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ നിഷ്കരുണം അവഗണിച്ചത്‌ പ്രതിഷേധാർഹമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ്‌ സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

'കേരളത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ്‌ ബജറ്റ്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട്‌ ദുരന്തമേഖല സന്ദർശിച്ചതാണ്‌. ഇവർക്കെല്ലാം നൂറ്‌ ശതമാനം ബോധ്യപ്പെട്ടകാര്യമാണ്‌ അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന്‌ സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാർഥ്യവും വയനാടിനോട്‌ കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്' എന്ന് പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

പ്രസ്താവനയുടെ പൂർണ്ണരൂപം:

'ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ്‌ സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്‌. വയനാട്‌, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണ്ട മേഖലകൾ കൂടി കണക്കിലെടുത്താണ്‌ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അക്കാര്യങ്ങളിലൊന്നും പരാമർശം പോലുമില്ല. കേരളത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ്‌ ബജറ്റ്‌. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട്‌ ദുരന്തമേഖല സന്ദർശിച്ചതാണ്‌. ഇവർക്കെല്ലാം നൂറ്‌ ശതമാനം ബോധ്യപ്പെട്ടകാര്യമാണ്‌ അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന്‌ സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാർഥ്യവും. വയനാടിനോട്‌ കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്‌. ബിജെപി ഒഴികെ കേരളത്തിലെ എംപിമാർ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച്‌ വയനാട്‌ സഹായത്തിനായും സമ്മർദം ചെലുത്തിയതുമാണ്‌. അവയൊന്നും പരിഗണിക്കാൻ പോലും തയ്യാറായില്ല. വിഴിഞ്ഞം രാജ്യത്തിനാകെ അഭിവൃദ്ധി വരുത്തുന്നതും അഭിമാനകരമായ പദ്ധതിയാണെന്ന്‌ അറിയാത്തവരല്ല കേന്ദ്രം. പക്ഷെ, അവിടെയും പരമാവധി ബുദ്ധിമുട്ടിക്കുകയെന്ന നിലപാടാണ്‌ വയബിലിറ്റി ഗ്യാപ്‌ ഫണ്ടിന്റെ കാര്യത്തിൽ എടുത്തത്‌. രാജ്യത്തെ മറ്റൊരു തുറമുഖത്തോടും ഈ സമീപനം എടുത്തിട്ടില്ല.

കടമെടുപ്പ്‌ പരിധി അർഹമായ വിധത്തിൽ ഉയർത്തണമെന്നും റബ്ബർ നെല്ല്‌ അടക്കമുള്ള കാർഷിക മേഖലയ്ക്ക്‌ അടിയന്തര സഹായം വേണമെന്നുമുള്ളവയടക്കം തള്ളിക്കളയുകയായിരുന്നു. പുതിയ പാതയടക്കം റെയിൽ മേഖലയിൽ അവശ്യമായ പദ്ധതികളോടും നിഷേധാത്മക സമീപനമാണ്‌ സ്വീകരിച്ചത്‌. സംസ്ഥാനങ്ങളോട്‌ തുല്യനീതി പാലിക്കണമെന്ന ഭരണഘടനാപരമായ അടിസ്ഥാന ഉത്തരവാദിത്തം പോലും കേന്ദ്രം നിർവ്വഹിക്കുന്നില്ലെന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

സുസ്ഥിര വികസനം, മാലിന്യ നിർമാർജനം, ഭൂവിനിയോഗം തുടങ്ങി വിവിധ പദ്ധതികൾ കേരളം എത്ര ആത്മാർത്ഥതയോടെ നടപ്പാക്കുന്നുവെന്ന്‌ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാമ്പത്തിക സർവ്വെ കഴിഞ്ഞ ദിവസമാണ്‌ പാർലമെന്റിൽ വച്ചത്‌. ഈ പരാമർശങ്ങൾ തന്നെ സംസ്ഥാനം കൂടുതൽ കേന്ദ്ര പദ്ധതികൾക്കും ഫണ്ടിനും അർഹമാണ്‌ എന്ന്‌ തെളിയിക്കുന്നു. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര തലത്തിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ടുകൾ ഒന്നും കേരളത്തിന്‌ നൽകിയിട്ടില്ല.

ഹയർസെക്കണ്ടറി സ്കൂളുകളിൽ ബ്രോഡ്‌ ബാൻഡ്‌ പോലെ സംസ്ഥാന നടപ്പിലാക്കിയ പല പദ്ധതികളും ഇക്കുറി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതുതന്നെ കാണിക്കുന്നത്‌ കേരളം എത്രയോ മുന്നിൽ ചിന്തിക്കുന്നുവെന്നാണ്‌. എന്നാൽ, കേരളത്തിന്റെ മികവും ഉന്നതിയും ഒരു കുറവായി കണ്ടാണ്‌ കേന്ദ്ര ബജറ്റ്‌ സമീപിച്ചിട്ടുള്ളത്‌.

നികുതി ഇളവ്‌ ഒട്ടേറെ പേർക്ക്‌ ഗുണം ലഭിക്കുന്നതാണെങ്കിലും അതുകൊണ്ട്‌ ബജറ്റിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയോടുള്ള അവഗണന മറച്ചുവയ്ക്കാനാകില്ല. പ്രകൃതിദുരന്തത്തിൽ പെട്ട്‌ നരകിച്ച ജനതയോടും കൃഷിയെ ആശ്രയിച്ച്‌ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരോടും വലിയ വികസന സാധ്യതയുള്ള പദ്ധതികളോടും നിഷേധാത്മക നിലപാട്‌ സ്വീകരിച്ച ബജറ്റിൽ പ്രതിഷേധിക്കുന്നു. പാർലമെന്റിൽ അടക്കം കേരളത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന ശക്തമായ പ്രതിഷേധം ഉയരണം'. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News