പാലക്കാട് ഡിവിഷനെതിരായ നീക്കം ചെറുക്കണം: മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തോടുള്ള അവഗണനയുടെ ഉദാഹരണമാണിതെന്നും മന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കമെന്നും അബ്ദുറഹിമാൻ ആരോപിച്ചു.
'പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയിൽവേ ഉന്നതർ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങൾ അണിയറയിൽ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാൽ വരുന്ന കടുത്ത ജനരോഷം ശമിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് റെയിൽവേ ട്രാക്കിലിറക്കുന്നത്. റെയിൽവേയുടെ ഉന്നതതല യോഗത്തിൽ ഈ നീക്കം അജണ്ടയായി വരുന്നത് യാദ്യശ്ചികമാണെന്ന് കരുതാൻ കഴിയില്ല'- അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.