എന്‍സിപി പിളർപ്പിലേക്കെന്ന സൂചനക്കിടെ തൃശൂരിൽ ശശീന്ദ്രന്‍ വിളിച്ച സമാന്തര യോഗം മാറ്റിവെച്ചു
യോഗം ചേർന്നാല്‍ ശശീന്ദ്രനെതിരെ പി.സി ചാക്കോ നടപടിയെടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പെട്ടെന്നുള്ള പിൻവാങ്ങൽ
തൃശൂര്‍: എന്‍സിപി പിളർപ്പിലേക്കെന്ന സൂചനക്കിടെ തൃശൂരിൽ എ.കെ ശശീന്ദ്രന്‍ വിളിച്ച സമാന്തര യോഗം മാറ്റിവെച്ചു. യോഗം ചേർന്നാല്‍ ശശീന്ദ്രനെതിരെ പി.സി ചാക്കോ നടപടിയെടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പെട്ടെന്നുള്ള പിൻവാങ്ങൽ. ഭാവി നീക്കങ്ങൾക്കായി രഹസ്യയോഗം ചേരാനാണ് ശശീന്ദ്രൻ ക്യാമ്പിന്‍റെ ആലോചന. അതേസമയം,മുഖ്യമന്ത്രിക്ക് തന്നോട് എതിപ്പില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു.
ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ സകല പണികളും എടുക്കുന്നുണ്ട് പി.സി ചാക്കോയും തോമസ് കെ. തോമസും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും പിന്തുണ ശശീന്ദ്രന് ഉള്ളതുകൊണ്ട് അത് നടപ്പാകുന്നില്ല എന്ന് മാത്രം. എന്നാൽ പി.സി ചാക്കോ വിഭാഗം അടങ്ങിയിരിക്കില്ലെന്ന് എ കെ ശശീന്ദ്രൻ അറിയാം. അതുകൊണ്ടാണ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് തൃശൂരിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചത്.ഇന്നലെ നേതാക്കളുമായി ഓൺലൈൻ മീറ്റിംഗ് ശശീന്ദ്രൻ നടത്തിയിരുന്നു.
ഓരോ ജില്ലയിൽ നിന്ന് രണ്ട് പ്രധാന നേതാക്കൾ വീതം യോഗത്തിൽ പങ്കെടുക്കാൻ ആയിരുന്നു തീരുമാനം.എന്നാൽ ഇതിന്‍റെ വാർത്ത പുറത്തുവന്നതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടു. സമാന്തരയോഗം ചേർന്നാൽ ശശീന്ദ്രനെതിരെ പി.സി ചാക്കോ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് നടക്കാനിരുന്ന യോഗം മാറ്റിവെച്ചത്.രഹസ്യമായെങ്കിലും പിന്നീട് യോഗം ചേരും എന്നാണ് വിവരം. തനിക്ക് സമയദോഷമുള്ളത് കൊണ്ടാണ് മന്ത്രിസ്ഥാനം വൈകുന്നതെന്ന് തോമസ് കെ. തോമസ് മന്ത്രിമാറ്റം ആവശ്യപ്പെട്ട് മുന്നണിക്ക് വീണ്ടും കത്ത് നല്‍കാനും എന്‍സിപിയില്‍ നീക്കം നടക്കുന്നുണ്ട്.