അപവാദ പ്രചരണത്തിന്റെ പിന്നിൽ സ്ഥിരം സംഘം; നവകേരള സദസ്സിലെ പരാതിയിൽ പ്രതികരണവുമായി ദേവർകോവിൽ

തനിക്കെതിരായ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു

Update: 2023-11-24 15:28 GMT

കോഴിക്കോട്: നവകേരള സദസ്സിലെ പരാതിയിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ. നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥതരാക്കിയ ഇടതുപക്ഷ വിരുദ്ധരാണ് അരോപണത്തിന് പിന്നിൽ. താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടിൽ തന്നെയും പ്രതിചേർത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാർത്താ മാധ്യമങ്ങളിലൂടെ കേസിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതുമാണ്. എന്നാൽ താനുമായി ബന്ധപ്പെട്ട സുപ്രധാന സമയങ്ങളിൽ ഈ അപവാദങ്ങൾ നിരന്തരം ആവർത്തിക്കുന്നതിന് പിന്നിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലരാണ്. തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും തുടർന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോൾ നവകേരള സദസ്സിലും അതെ വിവാദം ഉയർത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഇതെ സംഘമാണ്. ഇത്തരം അപവാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

Advertising
Advertising

63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായി കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ.കെ യൂസുഫാണ് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അഹമ്മദ് ദേവർകോവിൽ പരാതിക്കാരനുമായി ബിസിനസിൽ ഏർപ്പെടുകയും ഇയാൾക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2015ൽ ഇയാൾ ഒരു കേസ് നൽകിയിരുന്നു. ഇതിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഹമ്മദ് ദേവർ കോവിലിനെതിരെ രണ്ടുവർഷത്തെ ജയിൽ ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു.

ഇതിന് പിന്നാലെ അഹമ്മദ് ദേവർ കോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ രണ്ട് വർഷത്തോളം അഹമ്മദ് ദേവർ കോവിൽ പണം നൽകാതെ അവധി പറഞ്ഞു നീട്ടികൊണ്ടുപോവുകയും കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാനമായും പരാതിയിൽ ഉന്നയിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News