നിയമന കോഴക്കേസ്; ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
ഹരിദാസനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം
തിരുവനന്തപുരം: നിയമന കോഴക്കേസിൽ ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സെക്രട്ടറിയേറ്റിന് മുൻപിൽ വെച്ച് അഖിൽ മാത്യുവിനെന്നല്ല, താൻ ആർക്കും പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു.
നിയമന കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകുന്ന മൊഴിയാണ് ഹരിദാസൻ ഇന്നലെ നൽകിയത്. അഖിൽ മാത്യുവിന് പണം നൽകിയെന്ന് താൻ പറഞ്ഞത് സുഹൃത്തായ ബാസിതിന്‍റെ നിർദേശപ്രകാരമാണെന്ന് ഹരിദാസൻ വെളിപ്പെടുത്തി.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ ആരംഭിച്ച ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ പണം കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഉറച്ചുനിന്നിരുന്നു. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ കുറ്റസമ്മതം നടത്തിയത്. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു. ഇതോടെ കേസിൽ ബാസിതിന്റെ പങ്ക് കൂടുതൽ വ്യക്തമായി. നിയമനത്തട്ടിപ്പിൽ ഒരു വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ബാസിതും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ വെച്ച് താൻ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ പണമായി നൽകിയെന്ന ആരോപണമായിരുന്നു ഹരിദാസൻ നേരത്തെ ഉയർത്തിയത്. അതേസമയം അഖിൽ സജീവിന് 25,000 രൂപയും ലെനിൻ രാജിന് 50,000 രൂപയും നൽകിയെന്ന മൊഴിയിൽ ഹരിദാസൻ ഉറച്ചുനിൽക്കുകയാണ്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന്‍റെ പക്കലുണ്ട്. അതിനിടെ പ്രതി റയീസിന്റെ വാട്‌സ്ആപ് ചാറ്റുകള്‍ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇതിൽ നിന്ന് അഖിൽ മാത്യുവിനെതിരെ ഒരു വൻ ഗൂഢാലോചന നടന്നതായുള്ള തെളിവുകളും പൊലീസിന് ലഭിച്ചു.