"വെറുപ്പിന്‍റെ ക്യാമ്പയിന്‍ നടത്തി സംഘപരിവാര്‍ കേരളത്തില്‍ ഇടമുണ്ടാക്കുന്നു, പി.സി ജോര്‍ജ് ഉപകരണം മാത്രം"; വി.ഡി സതീശന്‍

"വഴിയരികില്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കി കൊണ്ടാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചതെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്"

Update: 2022-05-01 07:02 GMT
Editor : ijas
Advertising

തിരുവനന്തപുരം: വെറുപ്പിന്‍റെ ക്യാമ്പയിന്‍ നടത്തി സംഘപരിവാര്‍ കേരള രാഷ്ട്രീയത്തില്‍ ഇടമുണ്ടാക്കാനുള്ള ശ്രമമാണെന്നും പി.സി ജോര്‍ജ് ഇതിനുള്ള ഉപകരണം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.സി ജോര്‍ജിന്‍റെ പിറകില്‍ കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ മുഴുവനുമുണ്ട്. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപ്പൂര്‍വ്വം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. വഴിയരികില്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കി കൊണ്ടാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചതെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. വെള്ളത്തിന് തീപ്പിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞു വിദ്വേഷത്തിന്‍റെ ക്യാമ്പയിന്‍ നടത്തുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ പത്തുമാസക്കാലമായി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഇടം നഷ്ടപ്പെട്ട സംഘപരിവാര്‍ ഇടമുണ്ടാക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമമാണ്. വര്‍ഗീയ ശക്തികളെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കണം. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും താലോലിക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. 

പി.സി ജോർജിന്‍റെ അറസ്റ്റ് സ്വാഗതാർഹമെന്ന് യൂത്ത് കോൺഗ്രസ്‌ പ്രസ്താവനയില്‍ അറിയിച്ചു. എന്നാൽ ബിജെപി സി.പി.എം കൂട്ടുകെട്ടിന്‍റെ തിരക്കഥയാണോ വീട്ടിൽ എത്തിയുള്ള അറസ്റ്റും വി മുരളീധരന്‍റെ സന്ദർശനം നിഷേധിക്കലുമൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ വ്യക്തമാക്കി. സാമുദായിക ധ്രുവീകരണത്തിലൂടെ പുതിയ രാഷ്ട്രീയ പ്രസ്ഥാന രൂപീകരണം എന്ന ആർ.എസ്.എസ് ആശയം നടപ്പിലാക്കാനുള്ള തുടക്കമായേ ഈ നാടകങ്ങളെ കാണാൻ കഴിയൂ എന്നും എൻ.എസ് നുസൂർ പറഞ്ഞു.

അതെ സമയം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്ത പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിനെ വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. 

"The Sangh Parivar is making a place in Kerala through a campaign of hatred, PC George as tool"; VD Satheesan

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News