മൂന്ന് കോടി ചെലവഴിച്ച സ്‌കൂൾ കെട്ടിടം ഇടിഞ്ഞു വീണു; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

കണ്ടല ഹൈസ്‌കൂളിന്റെ കെട്ടിടമാണ് പ്രവേശനോത്സവം നടന്ന ഇന്നലെ ഇടിഞ്ഞു വീണത്

Update: 2023-06-02 03:27 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപമുള്ള കണ്ടല ഹൈസ്കൂള്‍ കെട്ടിടം ഇടിഞ്ഞ് വീണതില്‍ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. കെട്ടിട നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൂന്ന് കോടി ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞുവീണത്.

കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനോത്സവം ന‍ടന്ന ഇന്നലെയാണ് കണ്ടല ഹൈസ്കൂളിന്റെ കെട്ടിടം ഇടിഞ്ഞ് വീണത്. നിര്‍മാണം പൂര്‍ണമായിട്ടില്ലെങ്കിലും മൂന്ന് കോടിയിലേറെ രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടമാണ് ഇടിഞ്ഞുവീണത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചായിരുന്നു കെട്ടിട നിര്‍മാണം. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം നടന്ന കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ് സ്കൂളില്‍ നിന്ന് അധിക ദൂരമില്ല കണ്ടല സര്‍ക്കാര്‍ സ്കൂളിലേക്ക്. കെട്ടിടം ഇടിഞ്ഞ് വീണ സ്ഥലത്ത് തടി കഷ്ണവും മരത്തിന്റെ വേരും ഉണ്ടായിരുന്നു. ഇത് മാറ്റാതെയാണ് കെട്ടിട നിര്‍മാണം തുടങ്ങിയതെന്നും അതുകൊണ്ടാണ് കെട്ടിടം ഇടിഞ്ഞ് വീണതെന്നും ആക്ഷേപമുണ്ട്.

സ്കൂളിലേക്ക് കുട്ടികളോ, അധ്യാപകരോ എത്തുന്നതിന് മുമ്പാണ് കെട്ടിടം ഇടിഞ്ഞ് വീണത്. പുലര്‍ച്ചെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. കെട്ടിടം ഇടിയാന്‍ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. കെട്ടിട നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് യുഡിഎഫ്.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News