അദാനിക്ക് നൽകാൻ സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കും

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്.

Update: 2023-02-13 06:36 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനിക്ക് നൽകാനായി സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കുന്നു. പുലിമുട്ട് നിർമാണത്തിന്റെ പണം നൽകാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്കോയിൽ നിന്നാണ് വായ്പയെടുക്കുക. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്. പുലിമുട്ട് നിർമാണം 30 ശതമാനം പൂർത്തിയായാൽ 20 ശതമാനം തുക അദാനിക്ക് നൽകണമെന്നതായിരുന്നു കരാർ.

ഇതിന്റെ അടിസ്ഥാനത്തിൽ പലതവണ അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിന് കത്ത് നൽകിയിരുന്നു. സംസ്ഥാന വിഹിതം ഉടൻ നൽകണം എന്നായിരുന്നു ആവശ്യം. ഇപ്പോൾ അടിയന്തരമായി 400 കോടി രൂപ അനുവദിക്കാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്തം 1450 കോടിയാണ് പുലിമുട്ട് നിർമാണത്തിനായി സർക്കാർ നൽകേണ്ടത്.

ഇതിൽ 400 കോടി ഹഡ്‌കോയിൽ നിന്ന് വായ്പയെടുത്ത് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തുറമുഖ വകുപ്പ് ധനവകുപ്പിനെ സമീപിച്ച സമയം മറ്റ് ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഹഡ്‌കോയിൽ നിന്ന് വായ്പയെടുത്താൽ 16 വർഷത്തിനു ശേഷം തിരിച്ചടച്ചാൽ മതി. അതുവരെയുള്ള സമയത്ത് പലിശ മാത്രം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ.

തുറമുഖം നിർമാണം തുടങ്ങി ഒരു വർഷത്തിനു ശേഷം മാത്രമേ സംസ്ഥാന സർക്കാരിന് അതിൽ നിന്ന് ഒരു ശതമാനം ലാഭവിഹിതം നേടാനാവൂ. ഇതും കൂടിയാണ് ഹഡ്‌കോയെ ആശ്രയിക്കാൻ കാരണം. കൂടാതെ 817 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് ആയിട്ടുണ്ട്. അതിൽ സംസ്ഥാന വിഹിതമായി 400 കോടി അനുവദിക്കണമെന്ന് അദാനി ആവശ്യപ്പെടുകയായിരുന്നു.

3200 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. അതിൽ 2000 മീറ്ററോളം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അതിനാലാണ് തുക എത്രയും വേഗം നൽകണമെന്ന് അദാനി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിലെ സർക്കാർ വിഹിതമായ 400 കോടി കൂടി ചേർത്ത് മൊത്തം 800 കോടിയോളം രൂപ അദാനിക്ക് ഒരാഴ്ച്ചയ്ക്കകം നൽകാനാണ് നിലവിൽ തുറമുഖ വകുപ്പിന്റെ തീരുമാനം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News