കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ
മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു
ഇടുക്കി: കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ. തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് ഇടുക്കി അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ് കുട്ടികളെത്തിയത്. അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ്ങും നൽകി. ലഹരി വസ്തുക്കൾ കൈവശം വെച്ച വിദ്യാർഥികൾക്കെതിരെ കേസും എടുത്തു.