മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയിൽ വിധി 19ന്
വിധിപ്പകർപ്പ് തയ്യാറാക്കി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് മാറ്റിയത്.
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി.വീണ എന്നിവർക്കെതിരായ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹരജിയിൽ വിധി പറയുന്നത് ഈ മാസം 19ലേക്ക് മാറ്റി. വിധിപ്പകർപ്പ് തയ്യാറാക്കി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് മാറ്റിയത്. മാസപ്പടി ലഭിച്ചതിൽ മുഖ്യമന്ത്രിക്കും മകൾ ടി.വീണയ്‌ക്കുമെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്യു പിന്മാറിയിരുന്നു. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് മാത്യുവിന്റെ പുതിയ ആവശ്യം. കരിമണൽ ഖനനത്തിനായി സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹരജിയിൽ മാത്യു ആരോപിക്കുന്നത്. മുഖ്യമന്ത്രി, ടി.വീണ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു ഹരജി ഫയൽ ചെയ്തത്.