സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച വിജിലന്‍സ് മേധാവിയെ മാറ്റി
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്
തിരുവനന്തപുരം: സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച സംസ്ഥാന വിജിലൻസ് മേധാവിയെ സർക്കാർ മാറ്റി. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. സ്വപ്ന പ്രതിയായ ഗൂഢാലോചനാ കേസിൽ കരുതലോടെ നടപടി എടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിജിലൻസ് മേധാവി എം.ആർ അജിത് കുമാർ ഷാജ് കിരണുമായി നിരന്തരം ബന്ധപ്പെട്ടു എന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. ഇന്നലെ സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ അജിത് കുമാർ ഷാജ് കിരണുമായി സംസാരിക്കുന്നത് വ്യക്തമാണ്. മാത്രമല്ല താൻ സംസാരിച്ചിരുന്നുവെന്ന കാര്യം അജിത് കുമാർ തന്നെ മുഖ്യ മന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച അജിത് കുമാറിനെ മാറ്റാൻ തീരുമാനിച്ചത്. വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിനാണ് ഡയറക്ടറുടെ താൽക്കാലിക ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.
സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ എടുത്തുചാടി നടപടികൾ വേണ്ടെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘവും. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം കേസ് സംബന്ധിച്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ചർച്ച നടത്തിയതായാണ് വിവരം. ഇന്ന് പ്രത്യേക സംഘത്തിന്‍റെ യോഗം ചേർന്നേക്കും. ഫോറൻസിക് പരിശോധനയിൽ സരിത്തിന്‍റെ ഫോണിൽ നിന്ന് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.