മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബർ 11 വരെ 139.5 അടിയായി ക്രമീകരിക്കണം: സുപ്രിം കോടതി

ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും

Update: 2021-10-28 10:04 GMT
Editor : ijas
Advertising

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രിം കോടതി. നവംബർ 11 വരെ ഇതേ നില തുടരണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ തീരുമാനമാണ് കോടതി അംഗീകരിച്ചത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും.

അതെ സമയം വിധി ആശ്വാസകരമാണെന്നും കോടതിയിൽ നിലപാട് വിശദീകരിക്കാൻ കേരളത്തിന് സമയം ലഭിച്ചെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പിൽവെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റവന്യു വകുപ്പ് കർശന നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. പെരിയാർ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇതുപതിലധികം ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നും മന്ത്രി പറഞ്ഞു. അതേസമയം, തമിഴ്നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടോടെ അദ്ദേഹം മുല്ലപ്പെരിയാറിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News