തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്.എഫ്.ഐ
കോളേജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ചാണ് ഉപരോധം
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ അധ്യാപകരെ ഉപരോധിച്ചു. കോളേജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ചാണ് ഉപരോധം. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടിയെടുത്തതെന്നാണ് പ്രിൻസിപ്പാളുടെ വിശദീകരണം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്യാമ്പസിൽ എസ്.എഫ്.ഐ - കെ.എ.സ്.യു സംഘർഷമുണ്ടായിരുന്നു. പ്രിൻസിപ്പാളിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 24 വിദ്യാർഥികളെ പ്രിൻസിപ്പാൾ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചവരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 24 എസ്.എഫ്.ഐ പ്രവർത്തകരെ മാത്രം സസ്‌പെൻഡ് ചെയ്ത പ്രിൻസിപ്പാളുടെ നടപടി ഏകപക്ഷീയമാണെന്നാണ് എസ്.എഫ്.ഐ നിലപാട്. 'പെൺകുട്ടികളെ ആക്രമിച്ച കെ.എസ്.യുക്കാർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്, അടികൊണ്ട് പരിക്കേറ്റവർ ആശുപത്രിയിലായിരുന്നു, കെ.എസ്.യുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പാളുടേത്'.
കെ.എസ്.യുക്കാരാണ് അക്രമിച്ചതെന്ന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തക പറയുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ഉപരോധം രാത്രി ഏറെ വൈകിയാണ് എസ്എഫ്‌ഐ അവസാനിപ്പിച്ചത