''മകന്റെ ഫോട്ടോയും ശവവും അയച്ചുതരാമെന്ന് പറഞ്ഞു, കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി''
അതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയതെന്ന് ഇർഷാദിന്‍റെ പിതാവ്
കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംഘം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് യുവാവിന്റെ പിതാവ് നാസർ. പരാതി കൊടുത്താൽ മകൻ ഇർഷാദിനെ കൊല്ലുമെന്ന് പറഞ്ഞ് ഫോൺകോൾ വന്നു. അതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയത്. മകൻറെ ഫോട്ടോയും ശവവും അയച്ച് തരാമെന്ന് പറഞ്ഞ് ഇന്നലെയും ഭീഷണിപ്പെടുത്തി. കൊടുവള്ളിയിൽ നിന്നുള്ള സ്വർണ്ണക്കടത്ത് സംഘമാണ് പിന്നിലെന്നും പിതാവ് ആരോപിച്ചു.
ജീവൻ അപകടത്തിലാണെന്ന് മകൻ ഇർഷാദ് തന്നെ പറഞ്ഞെന്ന് മാതാവ് നഫീസയും പറഞ്ഞു. നാസർ കൊടുവള്ളി എന്ന പേരിലാണ് ഭീഷണി സന്ദേശം വരുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കൈതപ്പൊയിൽ സ്വദേശിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട സ്വദേശിയായ യുവതിക്കും സംഭവത്തിൽ ബന്ധമെന്നാണ് സൂചന.
പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയതായി മാതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയിൽ സൂപ്പിക്കട സ്വദേശി സമീർ പൊലീസിൽ കീഴടങ്ങിയിരുന്നു. പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കിയ ഇയാൾ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സമീറിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.