ഉമ തോമസ് ഇന്നു മുതല്‍ വാഹന പര്യടനത്തില്‍; ജോ ജോസഫിന് വോട്ടു തേടി മന്ത്രിമാര്‍
എട്ട് സ്ഥാനാർഥികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോരാടുന്നത്
കൊച്ചി: സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയായി. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് മുതല്‍ വാഹന പര്യടനം തുടങ്ങും. മന്ത്രിമാരെയും മുന്‍ മന്ത്രിമാരെയും രംഗത്തിറക്കിയാണ് ഇന്നും എല്‍.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്‍റെ പ്രചാരണം.
എട്ട് സ്ഥാനാർഥികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോരാടുന്നത്. എല്‍.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് ഭീഷണിയായി അപരന്‍ ജോമോന്‍ ജോസഫും ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ എല്‍.ഡി.എഫിന് പോരാട്ടം കടുത്തതാണ്. മുഴുവന്‍ സമയവും വിവിധ മന്ത്രിമാരെ മണ്ഡലത്തിലിറക്കിയാണ് എല്‍.ഡി.എഫ് പ്രചാരണം. വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി രാജീവ്, കെ.എന്‍ ബാലഗോപാല്‍, അഹമ്മദ് ദേവർകോവില്‍, ചിഞ്ചുറാണി എന്നിവരാണ് ഇന്ന് മണ്ഡലത്തിലുള്ള മന്ത്രിമാർ. മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, തോമസ് ഐസക് എന്നിവരും രംഗത്തുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയുടെ വാഹന പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഇന്നലെ കെ.പി.സി.സി പ്രസിഡന്റാണ് പ്രചാരണ വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വെണ്ണല, കടവന്ത്ര എന്നിവിടങ്ങളിലാണ് ഉമ തോമസിന്റെ പര്യടനം. വിവിധ യു.ഡി.എഫ് നേതാക്കള്‍ പ്രചാരണത്തിന്റെ ഭാഗമാകും. മുന്നണിയിലെ മറ്റും എം.എല്‍.എമാരും ഓരോ ദിവസങ്ങളിലും സജീവമാണ്.
അഞ്ചുമന ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ബി.ജെ.പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്‍റെ പര്യടനം വൈറ്റില, ചമ്പക്കര, ചിറ്റേത്തുകര, പാലാരിവട്ടം എന്നിവിടങ്ങളിലൂടെ കടന്നുപോകും. വരും ദിവസങ്ങളില്‍ ബി.ജെ.പിയുടെ കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തിലെത്തുമെന്നാണ് പ്രതീക്ഷ. മോശം കാലാവസ്ഥയെ പോലും വകവെക്കാതെ ഓടി നടന്നാണ് തൃക്കാക്കരയില്‍ സ്ഥാനാർഥികളുടെ പര്യടനം.