മകൻ കടലക്കറിയിൽ വിഷം കലർത്തി; അവണൂരിലേത് ഭക്ഷ്യവിഷബാധയല്ല, കൊലപാതകം

ഓൺലൈനായി വാങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് സ്വയം വിഷം നിർമിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക

Update: 2023-04-03 16:57 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: തൃശൂർ അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമെന്ന് പോലീസ്. കടലക്കറിയിൽ വിഷം ചേർത്ത് മകൻ ആയുർവേദ ഡോക്ടറായ മയൂരനാഥൻ അച്ഛൻ ശശീന്ദ്രനെ കൊന്നുവെന്നാണ് പോലീസിന്റെ സ്ഥിരീകരണം. കൊലയ്ക്ക് പിന്നിൽ അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. 

ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് ഇന്നലെ തന്നെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞിട്ടും വിഷം എന്തെന്ന് കണ്ടെത്താനായില്ലെങ്കിലും ഭക്ഷ്യവിഷബാധയല്ല കാരണമെന്ന് ഡോക്ടർമാർ ഉറപ്പിച്ച് പറയുകയായിരുന്നു. തുടർന്നാണ് ശശീന്ദ്രന്റെ മകൻ മയൂരനാഥനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. 

കടലക്കറിയിൽ വിഷം ചേർത്തതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഓൺലൈനായി വാങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് സ്വയം വിഷം നിർമിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ ശശീന്ദ്രൻ പിന്നാലെ ചോര ഛർദിച്ച് മരിക്കുകയായിരുന്നു. 

ശശീന്ദ്രന്റെ ആദ്യഭാര്യയിലുള്ള മകനാണ് മയൂരനാഥൻ. ഇയാൾ പിന്നീട് മറ്റൊരു വിവാഹം കൂടി കഴിക്കുകയായിരുന്നു. രണ്ടാനമ്മയും മയൂരനാഥനും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു. സ്വത്തുതർക്കങ്ങളും ഇരുവരും തമ്മിൽ നിലനിന്നിരുന്നു. ഈ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. 

ഞായറാഴ്ചയായിരുന്നു സംഭവം. എല്ലാവരും ചേർന്ന് രാവിലെ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. പിന്നാലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ ഭാര്യ, അമ്മ, വീട്ടിൽ ജോലിക്കെത്തിയ രണ്ടു തെങ്ങുകയറ്റ തൊഴിലാളികൾ എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News