തൃശൂർ പൂരം എക്സിബിഷൻ; തറവാടകയെച്ചൊല്ലി വിവാദം
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വാടക കൂട്ടിച്ചോദിച്ചപ്പോൾ ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചു
തൃശൂര്‍: തൃശൂർ പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന പൂര പ്രദര്‍ശനത്തിനുള്ള തറവാടകയെച്ചൊല്ലി വിവാദം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വാടക കൂട്ടിച്ചോദിച്ചപ്പോൾ ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചു. കാലാനുസൃതമായി വാടക നിരക്ക് കൂട്ടണമെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും ദേവസ്വം പ്രസിഡന്‍റ് ഡോ.എം.കെ.സുദർശനൻ പറഞ്ഞു.
തൃശൂർ പൂരം നടത്തിപ്പിനുള്ള ചെലവ് കണ്ടെത്താനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ പൂര പ്രദർശനം നടത്താറുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ തേക്കിൻകാട് മൈതാനിയിലാണ് പൂര പ്രദർശനം. രണ്ട് ലക്ഷത്തി അറുപത്തി നാലായിരം ചതുരശ്രയടി സ്ഥലം രണ്ട് മാസത്തേക്കാണ് വാടകക്ക് നൽകുക. ഇത്തവണ 20 കോടി രൂപ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടെന്നാണ് പൂര പ്രദർശന കമ്മിറ്റിയുടെ ആരോപണം. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.കെ സുദർശനൻ ഇക്കാര്യം നിഷേധിച്ചു. വിവാദത്തിന് പിന്നിൽ നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിനൽ ലോക്കൽ ഓഡിറ്റിംഗ് നടന്നപ്പോൾ കണ്ടെത്തിയ ക്രമക്കേടാണ് ഹൈക്കോടതിയിലെത്തിയത്. കോടതി സ്വമേധയാ എടുത്ത കേസിൽ ഈ ആഴ്ച ഉത്തരവ് പുറപ്പെടുവിക്കും.