തൃശൂരിൽ ഇന്ന് പകൽപൂരം; വെടിക്കെട്ട് വൈകിട്ട്
ദേവിമാർ ശ്രീമൂലസ്ഥാനത്തുനിന്ന് പരസ്പരം ഉപചാരം ചൊല്ലി വിടവാങ്ങുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും
തൃശൂര്‍: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവെച്ചത്. മുൻവർഷത്തിലും ഇത്തരത്തിൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പിന്നീട് നടത്തുകയാണ് ഉണ്ടായത്.
പൂരം കഴിഞ്ഞതോടെ രാവിലെ എഴുന്നള്ളത്തും പാണ്ടിമേളവും കുടമാറ്റവുമായി പകല്‍പ്പൂരം ഇന്ന് നടക്കും. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടോടെ എഴുന്നള്ളും. ഒമ്പതോടെ തുടങ്ങുന്ന ഇരുവിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെയാകും അവസാനിക്കുക.
മേളത്തിന് ശേഷമാകും വെടിക്കെട്ട്. പിന്നീട് ദേവിമാര്‍ ശ്രീമൂലസ്ഥാനത്തു നിന്നു പരസ്പരം ഉപചാരം ചൊല്ലി അടുത്ത മേട മാസത്തിലെ പൂരത്തിനു കാണാമെന്ന് ചൊല്ലി വിടവാങ്ങുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും. പതിനഞ്ച് ആനകള്‍ വീതം അഭിമുഖമായി നിന്നാണ് വിടവാങ്ങല്‍.