വയനാട്ടിൽ വീണ്ടും കടുവ; പുൽപ്പള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കൊന്നു
കഴിഞ്ഞ ജനുവരിയിൽ കൊളവള്ളിയിൽ തന്നെ കബനി നദിക്കരയിൽ മേയാൻ വിട്ട ആടിനെയും കടുവ ആക്രമിച്ചിരുന്നു
വയനാട്: വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ കടുവയിറങ്ങി. ജനവാസമേഖലയിലെത്തിയ കടുവ കളപ്പുരയ്ക്കൽ ജോസഫ് എന്നയാളുടെ രണ്ട് പശുക്കിടാങ്ങളെ കൊന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് പ്രദേശത്ത് കടുവയെ കണ്ടത്. തുടർന്ന് പശുക്കിടാങ്ങളെ മേയാൻ വിട്ട സ്ഥലത്ത് വെച്ച് കടുവ കൊന്നു. ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
പശുക്കളെ പട്ടാപ്പകൽ കടുവ കൊന്നതോടെ ഭീതിയിലാണ് ജനങ്ങൾ. ഒരു മാസം മുമ്പ് സമീപ പ്രദേശമായ കബനിഗിരിയിൽ വീടിനോട് ചേർന്ന തൊഴുത്തിൽക്കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. തൊട്ടടുത്ത സീതാമൗണ്ടിലെ കൃഷിയിടത്തിലും നാട്ടുകാർ കടുവയെ കണ്ടു. കഴിഞ്ഞ ജനുവരിയിൽ കൊളവള്ളിയിൽ തന്നെ കബനി നദിക്കരയിൽ മേയാൻ വിട്ട ആടിനെയും കടുവ ആക്രമിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകൾ സ്ഥാപിക്കുമെന്നാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.ആർ. ഷാജി അറിയിക്കുന്നത്. കടുവയെ പിടികൂടാൻ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.