കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കും; റോഡ് ഉപരോധവുമായി നാട്ടുകാര്‍
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്‍റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്
വയനാട്: കേണിച്ചിറയിലെ കടുവയെ മയക്കുവെടിവെക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. സംഭവത്തില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി റിപ്പോര്‍ട്ട് തേടി.മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായ ചർച്ചയിൽ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് സംഘവും സുരക്ഷാ ക്രമീകരണത്തിനായുള്ള സംഘവും പ്രദേശത്ത് ഉടൻ എത്തുമെന്നും വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉച്ചക്ക് മണിയോടെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങും.
അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിൻറെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. പനമരം - ബത്തേരി റോഡ് ആണ് ഉപരോധിക്കുന്നത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയില്‍ ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേൽ സാബുവിൻ്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു.ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. ഇതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
കടുവ കൊന്ന പശുക്കളുടെ നഷ്ടപരിഹാരം 30,000 രൂപ നാളെ അഡ്വാൻസ് നൽകും. കൂടുതൽ തുക പോസ്റ്റ്മോർട്ടത്തിന് ശേഷവും നല്‍കും.