കുഴൽപ്പണ വിവരം വെളിപ്പെടുത്താൻ പറഞ്ഞത് ശോഭാ സുരേന്ദ്രൻ: തിരൂർ സതീഷ്

‘6. 5 കോടിയല്ല, ഒമ്പത് കോടി രൂപയാണ് പാർട്ടി ഓഫിസിൽ കൊണ്ടുവന്നത്’

Update: 2024-11-03 05:13 GMT
Advertising

തൃശൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അവരാണ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീഷ്. ശോഭയോട് മാത്രമല്ല, പല സംസ്ഥാനതല നേതാക്കളോടും കുഴൽപ്പണത്തിൻ്റെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന-ജില്ലാതല നേതാക്കൾ തന്നെ വിളിച്ചു. ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞല്ലോ എന്നാണ് അവർ പറഞ്ഞത്.

കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. തിരൂർ സതീഷിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും അവർ ആരോപിക്കുകയുണ്ടായി. 

എന്നാൽ, ഈ വാദം തള്ളുകയാണ് തിരൂർ സതീഷ്. ശോഭാ സു​രേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

6. 5 കോടിയല്ല, ഒമ്പത് കോടി രൂപയാണ് പാർട്ടി ഓഫിസിൽ കൊണ്ടുവന്നത്. സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് ധർമരാജൻ തന്നോട് പറഞ്ഞു. ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണം സൂക്ഷിച്ചിരുന്നു.

ആദ്യം മൊഴി നൽകിയത് ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ്. ഇതിൽനിന്നും വിരുദ്ധമായ സത്യങ്ങളാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പണം ഓഫീസിൽ എത്തിയെന്ന് മാത്രമാണ് താൻ പറഞ്ഞിരുന്നത്. ആര് കൊണ്ടുവന്നു, എന്ത് ചെയ്തു എന്നിവയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

പണം എത്തിച്ചെന്നു മാത്രം പറഞ്ഞപ്പോൾ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും എന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചത്. എത്ര വന്നു, ആരെല്ലാം ഉപയോഗിച്ചു എന്നൊക്കെ വെളിപ്പെടുത്തിയാൽ ഒരുപാട് നുണകൾ അവർ പറയേണ്ടിവരും.

കെ. സുരേന്ദ്രൻ പറയുന്നത് കൈകൾ ശുദ്ധമാണെന്നാണ്. കെ. സുരേന്ദ്രനെ മരങ്ങൾ മുറിച്ചുവിറ്റതിന് വയനാട് എസ്റ്റേറ്റിൽനിന്നും പുറത്താക്കിയതാണ്. കൊടകരയിൽ പണം നഷ്ടമായപ്പോൾ ധർമ്മരാജൻ ആദ്യം വിളിച്ചത് കെ. സുരേന്ദ്രനെയും മകനെയുമാണ്. പാർട്ടിയുടെ അധ്യക്ഷനേയാണോ കള്ളപ്പണക്കാർ ബന്ധപ്പെടേണ്ടതെന്നും തിരൂർ സതീഷ് ചോദിച്ചു.

ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. എൻറെ വീടിന് തൊട്ടടുത്താണ് ശോഭ സുരേന്ദ്രൻ പുതിയ വീട് പണിയുന്നത്. പച്ചക്കള്ളമാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. പാർട്ടിയിൽനിന്നും പോകുന്നതിനു മുമ്പാണ് ബാങ്കിൽ അവസാനമായി പണം അടച്ചത്. പിന്നെന്തിനാണ് മാസങ്ങൾക്ക് മുൻപ് പൈസ അടച്ചുവെന്ന് കളവു പറയുന്നതെന്നും സതീഷ് ചോദിക്കുന്നു. ബാങ്ക് സ്റ്റേറ്റ്മെൻറു​ം സതീഷ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ കാണിച്ചു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News