മുസ്‌ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വർഗീയ സംഘർഷത്തിലേക്ക് നയിക്കാനുമാണ് മറുനാടൻ ശ്രമിച്ചത്: ടി.എൻ പ്രതാപൻ
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു.
തൃശൂർ: മറുനാടൻ മലയാളി ചാനലിനെതിരായ പൊലീസ് നടപടിയിൽ കെ.പി.സി.സി നിലപാട് തള്ളി ടി.എൻ പ്രതാപൻ എം.പി. മറുനാടനെക്കുറച്ച് തനിക്ക് വിരുദ്ധാഭിപ്രായമാണ് ഉള്ളതെന്ന് പ്രതാപൻ പറഞ്ഞു. ക്യാമറ കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്. മുസ്‌ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വർഗീയ സംഘർഷത്തിലേക്ക് നയിക്കാനുമാണ് മറുനാടൻ ശ്രമിച്ചതെന്ന് പ്രതാപൻ പറഞ്ഞു.
രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും അപമാനിക്കുന്ന തരത്തിലാണ് ഷാജൻ വീഡിയോ ചെയ്തത്. ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് മറുനാടനെ അനുകൂലിക്കാനാവില്ല. ഷാജന്റെ വീഡിയോകൾ കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഷാജന്റേത് സംഘി സ്വരമാണെന്നും പ്രതാപൻ പറഞ്ഞു.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ പ്രതാപൻ രംഗത്തെത്തിയിരിക്കുന്നത്. ബി.ആർ.എം ഷഫീർ, രമ്യ ഹരിദാസ് തുടങ്ങിയ നേതാക്കളും ഷാജൻ സ്‌കറിയയെ പിന്തുണച്ചിരുന്നു.