കര്‍ഷകരോട് ക്രൂരത; കോട്ടയത്ത് കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം തള്ളി
രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലിലാണ് കക്കൂസ് മാലിന്യം തള്ളിയത്
കോട്ടയം: പാടത്ത് കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം തള്ളി. കോട്ടയം നീണ്ടൂർ വെള്ളിക്കണ്ണി പാടശേഖരത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നെല്ല് ചാക്കിട്ട് മൂടി. ഇന്ന് രാവിലെയാണ് നെല്ല് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി തള്ളിയിരിക്കുന്നത് കർഷകർ കണ്ടത്.
പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ വഴിയരികിൽ മാലിന്യം തള്ളുന്ന പ്രവണത ഉണ്ടായിട്ടുണ്ടെന്നാണ് കർഷകരെല്ലാം പറയുന്നത്. പക്ഷേ ഇത് ആദ്യമായിട്ടാണ് നെല്ല് നശിപ്പിക്കുന്ന തരത്തിലേക്ക് ഒരു മാലിന്യം തള്ളുന്നതെന്നും കർഷകർ പറയുന്നു. ഈ വിഷയത്തിൽ ശക്തമായിട്ടുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമൂഹിക വിരുദ്ധരുടെ നടപടിയാണോ അതോ ഇത്തരത്തിൽ കക്കൂസ് മാലിന്യം മറ്റ് വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നുമൊക്കെ എടുത്ത് ടാങ്കറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നുള്ള അടക്കം പൊലീസ് അന്വേഷിക്കും. പ്രതികളെ ഉടൻ പിടികൂടും എന്നാണ് പോലീസ് പറയുന്നത്.