'ഞാൻ പെറ്റ മക്കൾ തന്നെയല്ലേ അപ്പുറത്തും, അപ്പോ എനിക്കവരെ കാണണ്ടേ': ആയിഷുമ്മയെ സന്ദര്‍ശിച്ച് ടി.പി അഷ്റഫലി

ആ ഉമ്മയുടെ ആത്മാഭിമാനം കളഞ്ഞ നടപടിയിൽ വീഡിയോ എടുത്ത ഡ്രൈവർ വിളിച്ചു മാപ്പ് ചോദിച്ചെന്നും, മലപ്പുറം, എടക്കര പൊലീസ് വിളിച്ചു പ്രശ്നം രമ്യമായി പരിഹരിച്ചെന്നും കുടുംബം

Update: 2021-06-20 11:03 GMT
Editor : ijas
Advertising

മാസ്ക് ധരിക്കാത്തതിന്‍റെ പേരില്‍ വയോധികയ്‌ക്കെതിരായി സെക്ട്രല്‍ മജിസ്‌ട്രേറ്റ് നടപടിയെടുത്തെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വയോധിക ആയിഷയെ സന്ദര്‍ശിച്ച് എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി. നാട്ടിൽ ആകെ കൊറോണയാണ് പ്രായമായ നിങ്ങൾ പുറത്തേക്ക് ഒറ്റക്ക് പോകരുത്ട്ടോ എന്ന്  ആയിഷുമ്മയോട് പറഞ്ഞപ്പോള്‍ നാട്ടില്‍ കോവിഡുള്ള കാര്യമൊന്നും ഉമ്മക്ക് അറിയില്ലായിരുന്നെന്ന് അഷ്‌റഫലി പറഞ്ഞു. 'ഞാൻ പെറ്റ മക്കൾ തന്നെയല്ലേ അപ്പുറത്തും താമസിക്കുന്നത് അപ്പോ എനിക്കവരെ കാണണ്ടേ അതിന് ഞാൻ അങ്ങട്ട് പോകും', എന്നാണ് മറ്റൊരു മകന്‍റെ വീട്ടിലേക്ക് പോകുന്നതിന് ആയിഷ ഉമ്മ പറയുന്ന ന്യായമെന്നും ടി.പി അഷ്‌റഫലി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ആ ഉമ്മയുടെ ആത്മാഭിമാനം കളഞ്ഞ നടപടിയിൽ വീഡിയോ എടുത്ത ഡ്രൈവർ വിളിച്ചു മാപ്പ് ചോദിച്ചെന്നും, മലപ്പുറം, എടക്കര പൊലീസ് വിളിച്ചു പ്രശ്നം രമ്യമായി പരിഹരിച്ചെന്നും ഇനി പ്രശ്നങ്ങളിലേക്ക് താല്‍പര്യമില്ലെന്ന് കുടുംബം അറിയിച്ചതായും ടി.പി അഷ്‌റഫലി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷ കോവിഡ് സമയത്ത് മാസ്കില്ലാതെ പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ശിക്ഷ ലഭിക്കുന്നതും വീഡിയോ വൈറലാകുന്നതും. 

ടി.പി അഷ്റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി സെക്ടറൽ മജിസ്‌ട്രെറ്റിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിനിരയായ മൂത്തേടം ചോളമുണ്ടയിലെ ആയിഷുമ്മയെ സന്ദർശിച്ചു.നാട്ടിൽ ആകെ കൊറോണയാണ് പ്രായമായ നിങ്ങൾ പുറത്തേക്ക് നിങ്ങൾ ഒറ്റക്ക് പോകരുത്ട്ടോ ഉമ്മാ എന്ന് നമ്മുടെ ഒരു വല്യുമ്മമ്മയോട് പറയുന്നപോലെ പറഞ്ഞപ്പോൾ 85 വയസ്സുള്ള ആ ഉമ്മാക്ക് നാട്ടിൽ കൊറോണയുള്ള കാര്യമേ അറിയില്ല. "ഞാൻ പെറ്റ മക്കൾ തന്നെയല്ലേ അപ്പുറത്തും താമസിക്കുന്നത് അപ്പോ എനിക്കവരെ കാണണ്ടേ അതിന് ഞാൻ അങ്ങട്ട് പോകും " ഇതാണ് തന്റെ വലിയ മകന്റെ വീട്ടിൽ നിന്ന് മറ്റൊരു മകന്റെ വീട്ടിലേക്ക് പോകുന്നതിനുള്ള ഉമ്മാന്റെ ന്യായം. ഏതൊരു മാതാവിനും ഉണ്ടാകുന്ന ഒരു സ്നേഹമാണവർക്ക് അവരുടെ മക്കളോട്.അവരുടെ മക്കളും അവരെ നന്നായി നോക്കുന്നുണ്ട്. നിങ്ങൾ പുറത്തിറങ്ങിയാൽ മക്കളായ ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്യും എന്നൊക്കെ അവർ ഉമ്മാനോട് ഈ സംഭവത്തിന് മുന്നേ തന്നെ പറയാറുണ്ടത്രേ.

അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരുടെ വീട്ടിൽ കൊണ്ടാക്കി ആ വീട്ടുകാരോട് ഒറ്റക്ക് ഈ ഉമ്മയെ പുറത്തേക്ക് വിടരുത് എന്ന് പറഞ്ഞു ഒരു കരുണാർദ്രമായ പ്രവർത്തിയിലൂടെ തങ്ങളുടെ ദൗത്യം നിർവഹിക്കേണ്ട സെക്ടറൽ മജിസ്‌ട്രേറ്റും അവരുടെ വീഡിയോ എടുത്ത വാഹന ഡ്രൈവറും ചെയ്തത് സമൂഹത്തിന്റെ വലിയ വിമർശനമാണല്ലോ ഏറ്റുവാങ്ങിയത്.

ആ ഉമ്മയുടെ ആത്മാഭിമാനം കളഞ്ഞ ഈ നടപടിയിൽ ആ കുടുംബത്തിന് ഏതെങ്കിൽ തരത്തിൽ പിന്നീട് അധികാരികളുടെ ഭാഗത്തു നിന്ന് നീക്കമുണ്ടായോ , പൊതുപ്രവർത്തകർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും ഇടപെടലിനു സഹായം ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചാണ് ഇന്ന് 11 മണിയോടെ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.എച്ച് അബ്ദുൽ കരീം, നിയോജക മണ്ഡലം സെക്രട്ടറി ജംഷി, അജ്മൽ, ഉമ്മർകോയ എന്നിവരോടൊപ്പം ആ വീട്ടിൽ ചെന്നത്. എന്നാൽ വീഡിയോ എടുത്ത ഡ്രൈവർ വിളിച്ചു മാപ്പ് ചോദിച്ചെന്നും, മലപ്പുറം, എടക്കര എന്നിവിടങ്ങളിലെ പോലീസ് വിളിച്ചു പ്രശ്നം രമ്യമായി പരിഹരിച്ചെന്നും ഇനി ഈ വിഷയത്തിൽ ആർക്കും ഒരു പ്രയാസം ഉണ്ടാക്കുന്ന ഒന്നിനും നല്ലവരായ ആ ഉമ്മയുടെ മക്കൾക്കും പേരമക്കൾക്കും താല്പര്യമില്ലന്നും അവർ ഞങ്ങളോട് പറഞ്ഞു.

ഗസറ്റഡ് ഉദ്യോഗസ്ഥർക്ക്‌ താത്കാലികമായി നൽകുന്ന 'സെക്ടറൽ മജിസ്‌ട്രേറ്റ് ' എന്ന പദവി ഒരു സ്ഥിരം ജഡ്ജിയുടേതല്ലെന്ന് അത്തരക്കാർ മനസിലാക്കുക. ഏതൊരു അധികാരവും ആത്യന്തികമായി മനുഷ്യ നന്മക്ക്, സാമൂഹ്യ നന്മക്ക് ഉപയോഗിക്കുക. അല്ലാതെ കരുണയില്ലാതെയുള്ള പ്രവർത്തനമല്ല വേണ്ടത്. കോവിഡിനെതിരെ ഭയമല്ല വേണ്ടത് ജാഗ്രത യാണ് എന്ന് പറയുമ്പോലെ തന്നെ സമൂഹത്തിലെ അവശരായ ആളുകളോട് ഭയപ്പൊയെടുത്തലല്ല വേണ്ടത് എംബതി(സഹാനുഭൂതി )യാണ് വേണ്ടതെന്ന് തിരിച്ചറിയുക. ആ തിരിച്ചറിവിന് ഈ സംഭവം കാരണമാവട്ടെ.

Full View

Tags:    

Editor - ijas

contributor

Similar News