അധ്യാപകരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി; പിൻവലിക്കണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത്

'വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജില്ല കഠിനപ്രയത്‌നം നടത്തുന്നതിനിടയിൽ ഇത്തരം നടപടികൾ കനത്ത തിരിച്ചടിയാണ്'

Update: 2024-06-29 04:41 GMT
Advertising

വയനാട്: അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി ഉടൻ പിൻവലിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്. കാലങ്ങളായുള്ള വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജില്ല കഠിനപ്രയത്‌നം നടത്തുന്നതിനിടയിൽ ഇത്തരം നടപടികൾ കനത്ത തിരിച്ചടിയാണ്. നടപടി അടിയന്തരമായി തിരുത്തണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ചങ്ങനാശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ അ‍ഞ്ച് അധ്യാപകരിൽ മൂന്ന് പേരെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ഇതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരെ ജില്ലയിലേക്കയക്കുന്നത് തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവുമെല്ലാം നടപ്പിൽ വരുത്തുന്ന പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കും.

അച്ചടക്ക ലംഘനത്തിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആക്ഷേപം സ്‌കൂളിന്റെ വിജയശതമാനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു എന്നതാണ്. വിദ്യാർഥികൾക്കിടയിൽ വേർതിരിവ് കാണിക്കുന്നെന്ന പരാതി ഉന്നയിച്ച വിദ്യാർഥികളുടെ മാർക്ക് വെട്ടി കുറച്ചെന്നും ഇവർക്കെതിരെ ആക്ഷേപമുണ്ട്.

ചങ്ങനാശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ നീതു, രശ്മി, ലക്ഷ്മി എന്നിവരെ യഥാക്രമം കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നീർവാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും മഞ്ചുവിനെ വെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും, ജെസ്സി ജോസിനെ ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കുമാണ് സ്ഥലം മാറ്റിയത്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News