കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം
കഴിഞ്ഞ വർഷം അമ്മയെ നഷ്ടമായ കുരുന്നുകൾക്ക് ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു
കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. ആറളം പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു .
വന്യമൃഗ ആക്രമണം തടയാൻ വനം വകുപ്പിന് കഴിയുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. രഘുവിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് മൃതദേഹം പത്താം ബ്ലോക്കിലെ വീട്ടിലേക്ക് എത്തിച്ചത്.
കഴിഞ്ഞ വർഷം അമ്മയെ നഷ്ടമായ കുരുന്നുകൾക്ക് ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു. അധികൃതരുടെ അനാസ്ഥയിൽ രഘുകൂടി മരിച്ചതോടെ രണ്ട് പെൺകുട്ടികളും കുഞ്ഞനുജനും അനാഥരായി. കുട്ടികളുടെയും ബന്ധുക്കളുടെയും സങ്കടം നാട്ടുകാരുടെ പ്രതിഷേധമായി അണപൊട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നൂറുകണക്കിന് നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
പുനരധിവാസ മേഖലയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടനയുടെ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടംമാകുന്ന പന്ത്രണ്ടാമത്തെ ആളാണ് രഘു. വന്യ മൃഗങ്ങളെ പ്രതി രോധിക്കാൻ ആന മതിൽ അടക്കമുള്ള നിർമ്മിക്കുമെന്ന അധികൃതറുടെ ഉറപ്പ് പാഴ് വാക്കായതോടെ ആറളമെന്ന വാഗ്ദത്ത ഭൂമിയിൽ നിന്ന് ആദിവാസികൾ കൂട്ടത്തോടെ കുടിയിറങ്ങുകയാണ്