നെഞ്ചുവേദനയെന്ന് അറിയിച്ചപ്പോൾ ഗ്യാസ് കയറിയതെന്ന് നഴ്‌സുമാർ; ആദിവാസി യുവതിക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം
അരിവാൾ രോഗിയായ സിന്ധുവിനെ നഴ്‌സുമാർ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു
വയനാട്: വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗം ബാധിച്ച ആദിവാസി സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം. ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും കുടുംബം പറയുന്നു. വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്.
വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധു സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധുവിന് രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചെങ്കിലും ഏറെ നേരത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.
രോഗം മൂർച്ഛിച്ചതോടെ ഡോക്ടറെ വിളിക്കാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തങ്ങളോട് കയർക്കുകയായിരുന്നു നഴ്സുമാർ. ശ്വാസതടസ്സമുണ്ടെന്നറിയിച്ചപ്പോൾ ഗ്യാസ് കയറിയതാണെന്നും ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ ജീവനക്കാർ, രാത്രി ഡോക്ടറെ വിളിക്കാൻ തയ്യാറായില്ല. പിന്നീട് രോഗി മരിച്ച ശേഷമാണ് ഡോക്ടർ എത്തിയതെന്നും കുടുംബം കണ്ണീരോടെ പറയുന്നു.
മരിച്ച രോഗിയെ ഡോക്ടറെത്തിയ ശേഷം ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറയുന്നു. രാത്രി 9 മണിയോടെ സിന്ധു മരിക്കും മുമ്പ് അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് കരഞ്ഞു പറഞ്ഞതെന്നും സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും.