ഭക്ഷണവും വേതനവുമില്ല, ക്രൂരമര്‍ദനം; ആദിവാസി യുവാവിനെ അടിമവേല ചെയ്യിച്ചെന്ന് പരാതി

14,000 രൂപയാണ് നാലു വർഷത്തിനിടെ യുവാവിന് ലഭിച്ച ആകെ ശമ്പളം

Update: 2022-06-06 03:34 GMT
Advertising

വയനാട്: വയനാട്ടിൽ ആദിവാസി യുവാവിനെ എസ്റ്റേറ്റ് ഉടമ അടിമവേല ചെയ്യിച്ചതായി പരാതി. മതിയായ വേതനമോ ഭക്ഷണമോ നൽകാതെ നാല് വർഷം എസ്‌റ്റേറ്റിനുള്ളിൽ തൊഴിലെടുപ്പിച്ചെന്നാണ് ആക്ഷേപം. 14,000 രൂപയാണ് നാലു വർഷത്തിനിടെ യുവാവിന് ലഭിച്ച ആകെ ശമ്പളം. പരാതിയിൽ അമ്പലവയൽ പൊലീസ് അന്വേഷണം ആരംഭിച്ചു

അമ്പലവയൽ ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ രാജു നാലു വർഷം മുമ്പാണ് എസ്റ്റേറ്റിൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. കഴിഞ്ഞ ദിവസം ആണ്ടൂർ ചീനപുല്ലിലെ എസ്റ്റേറ്റിൽ വെച്ച് നാട്ടുകാർ കണ്ടെത്തുമ്പോൾ കീറിപ്പറിഞ്ഞ വസ്ത്രത്തിൽ എല്ലുംതോലുമായ നിലയിലായിരുന്നു യുവാവ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി ഊട്ടുപുര നാസർ എന്നയാളോടൊപ്പം എസ്റ്റേറ്റ് ജോലിക്കെന്നു പറഞ്ഞാണ് മകൻ പോയതെന്നും നാലു വർഷമായി രാജു എവിടെയാണെന്നറിയാതെ കാത്തിരിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. കൃഷിയിടത്തിൽ മതിയായ ഭക്ഷണമോ വസ്ത്രമോ ഉണ്ടായിരുന്നില്ലെന്ന് രാജുവും വ്യക്തമാക്കി. ഭക്ഷണം ചോദിച്ചതിനും വിശ്രമിക്കാൻ ശ്രമിച്ചതിനും പലതവണ മർദനമേറ്റു. ആണ്ടൂർ ടൗൺ ടീം വാട്സ്ആപ്പ് കൂട്ടായ്മയാണ് എസ്റ്റേറ്റ് ഉടമയുടെ ക്രൂരതയിൽ നിന്ന് മോചിപ്പിച്ച് രാജുവിനെ വീട്ടിലെത്തിച്ചത്.

എന്നാൽ രാജു ഏതാനും വർഷമായി തന്‍റെ കൂടെയുണ്ടെന്നും ഇയാളെ ജോലിക്കാരനായല്ല കൊണ്ടുനടന്നിരുന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമയുടെ വിശദീകരണം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News