പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ ട്വിസ്റ്റ്; കേസ് അവസാനിപ്പിക്കണമെന്ന് യുവതി ഹൈക്കോടതിയില്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്
സ്ത്രീധന പീഡന പരാതിയില്‍ നിന്ന് യുവതി ഇന്നലെ പിന്മാറിയിരുന്നു
കോഴിക്കോട്/കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ കുറ്റപത്രം നല്‍കാന്‍ പൊലീസ്.ഒരാഴ്ചക്കുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. യുവതിക്ക് പറയാനുള്ളത് കോടതിയില്‍ പറയട്ടെയെന്നും പൊലീസ് പറഞ്ഞു. അതേസമയം, കേസ് അവസാനിപ്പിക്കണമെന്ന ഹരജി ഹൈക്കോടതിയിൽ സമർപ്പിച്ചു. പെൺകുട്ടി സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകിയെന്ന് പ്രതിഭാഗം പറഞ്ഞു.
സ്ത്രീധന പീഡന പരാതിയില്‍ നിന്ന് യുവതി ഇന്നലെ പിന്മാറിയിരുന്നു. കുടുംബത്തെത്തള്ളിയും പരാതിക്കാരിയായ പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകുമ്പോൾ സത്യം വെളിപ്പെടുത്താൻ തയ്യാറായതാണെന്നും പിതാവിന്‍റെ ആത്മഹത്യാ ഭീഷണിയെ തുടർന്നാണ് പിന്മാറിയതെന്നും പെൺകുട്ടി പറയുന്നു. പുതിയ വെളിപ്പെടുത്തൽ സംബന്ധിച്ച് ദുരൂഹത ആരോപിച്ച കുടുംബത്തെ തള്ളിയും പെൺകുട്ടി രംഗത്തെത്തി.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുലുമായി വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ 150 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും മർദിച്ചു എന്നായിരുന്നു പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതി. പരാതിയിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൊലീസിനെതിരെയും കുടുംബം രംഗത്തെത്തി.
ഏറെ കോളിളക്കം ഉണ്ടാക്കിയ ഈ കേസിലാണ്, നേരത്തെയുള്ള ആരോപണങ്ങൾ തള്ളി പെൺകുട്ടി തന്നെ രംഗത്തെത്തിയത്. യൂട്യൂബ് വീഡിയോയിൽ നേരത്തെ പറഞ്ഞ മുഴുവൻ ആരോപണങ്ങളും പെൺകുട്ടി മാറ്റിപ്പറഞ്ഞു. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പിന്നാലെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് വെളിപ്പെടുത്തി വീണ്ടും പെൺകുട്ടിയുടെ യൂട്യൂബ് വീഡിയോ പുറത്ത് വന്നു. കുടുംബത്തിൻറെ സമ്മർദം കാരണമാണ് മാറിനിന്ന് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം.